തിരുവനന്തപുരം : 2024 ലെ ജെ.സി. ഡാനിയേൽ അവാർഡ് നടി ശാരദയ്ക്ക് . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്ക്കാരം. മന്ത്രി സജി ചെറിയാൻ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന ഈ അവാർഡ് കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയാണ്.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. ശാരദയ്ക്ക് 1968 ല്‍ ‘തുലാഭാരം’ എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ ‘നിമജ്ജന’ത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി
ജനുവരി 25 ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.
2017 ലെ ജെ.സി. ഡാനിയേൽ അവാർഡ് ജേതാവ് ശ്രീകുമാരൻ തമ്പി അധ്യക്ഷനായ ജൂറിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.

