തിരുവനന്തപുരം ; ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് മൂന്ന് സംസ്ഥാനങ്ങളിലായി ഇഡി റെയ്ഡ് . 21 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡുകൾ നടത്തുന്നതായാണ് റിപ്പോർട്ട്.രാജ്യത്തെ വിവിധ സ്ഥലങ്ങളിലുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് വിപുലമായ റെയ്ഡാണ് നടക്കുന്നത്.
കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രതികളുടെ വസതികളിലും അനുബന്ധ സ്ഥാപനങ്ങളിലും റെയ്ഡുകൾ നടക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു, എ പത്മകുമാർ, മുരാരി ബാബു, ഗോവർദ്ധൻ എന്നിവരുടെ വീടികളിലും പരിശോധന നടക്കുന്നുണ്ട്.തിരുവനന്തപുരത്തെ ദേവസ്വം ബോർഡിന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുവെന്നാണ് വിവരം.
ചെന്നൈയിലെ ഓപ്പറേഷന്റെ ഭാഗമായി സ്മാർട്ട് ക്രിയേഷൻസിന്റെ ഓഫീസിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, നിയമവിരുദ്ധ സാമ്പത്തിക ഇടപാട് , സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട മറ്റ് പണമിടപാടുകൾ എന്നിവ പരിശോധിക്കുന്നതിനാണ് നടപടി.
നേരത്തെ എസ്ഐടി പരിശോധന നടത്തിയതിനാൽ ഇതിൽ പല സ്ഥലങ്ങളിലും എന്തെങ്കിലും രേഖകൾ കണ്ടെത്തുമോയെന്നത് സംശയമാണ്. എന്നാൽ കേസിൽ ഇസിആർ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ സ്വത്തുക്കൾ അടക്കം ഇഡിക്ക് പിടിച്ചെടുക്കാൻ സാധിക്കും. കേസിൽ പ്രതികളല്ലാത്തവരുടെ വീട്ടിലേക്കും റെയ്ഡ് നടന്നേക്കാമെന്നാണ് വിവരം.

