ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുതിർന്ന നേതാവ് ജി. സുധാകരൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആലപ്പുഴ കലക്ടറേറ്റ് പരിസരത്തു നിന്നും ജാഥയായി എത്തിയാണ് പത്രിക സമർപ്പണം . തുടർന്ന് തീരദേശ റോഡിലൂടെ റോഡ് ഷോയും നടക്കും. യുഡിഎഫ് പിന്തുണയോടെയാണ് സുധാകരൻ മത്സരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്ക് സുധാകരൻ മറുപടി നൽകി. ഒരു സഖാവിന് ചേരാത്ത തരത്തിൽ പാർട്ടിയെ ജി. സുധാകരൻ വഞ്ചിച്ചുവെന്നും മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ, മുഖ്യമന്ത്രിയുടെ ഫോണിൽ നിന്ന് തനിക്ക് ഒരു കോൾ പോലും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ നമ്പർ തന്റെ ഫോണിൽ സേവ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

