കൊച്ചി : ശബരിമലയിൽ ഡോളി തൊഴിലാളികൾ നടത്തിയ സമരത്തെ വിമർശിച്ച് ഹൈക്കോടതി. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും ഇത്തരം സമരങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചു.ഭാവിയിൽ ഇത് ആവർത്തിക്കരുതെന്നും നിർദേശം നൽകി.
ഡോളി സർവീസ് പ്രീപെയ്ഡ് സംവിധാനം തുടങ്ങിയതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ 11 മണിക്കൂർ പണി മുടക്കിയത്.തുടർന്ന്, ചർച്ച നടത്താമെന്ന ശബരിമല എഡിഎമ്മിന്റെ ഉറപ്പിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ഡോളി ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപേ ദേവസ്വം ബോർഡിനെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി വിമർശിച്ചു. ആഴ്ച്ചകളും, മാസങ്ങളും വ്രതം എടുത്താണ് ചിലർ വരുന്നത്. ചിലർ കടം വാങ്ങിയും വരുന്നുണ്ട്. പ്രായമേറിയവരും , നടക്കാൻ വയ്യാത്തവരും വരുമ്പോൾ ഡോളി സർവ്വീസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും . തീർഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.