കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ ദേഹത്തേക്ക് മേൽക്കൂരയുടെ സിമന്റ് പാളി തകർന്നു വീണു. ശൂരനാട് കാഞ്ഞിരംവിള ശ്യാമിന്റെ (39) ദേഹത്തേക്കാണ് പാളി വീണത് . ഒന്നാം നിലയിലെ ഓപ്പറേഷൻ തിയേറ്ററിനോട് ചേർന്നുള്ള വാർഡിന്റെ മേൽക്കൂരയുടെ പാളിയാണ് ഇളകി വീണത്.
ഇന്നലെ രാത്രി 8.30 നാണ് സംഭവം. ബൈക്ക് അപകടത്തിൽ കാലിനേറ്റ പരിക്കിന് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്യാമിനെ വൈകുന്നേരം 3 മണിക്ക് വാർഡിലേക്ക് മാറ്റി. കിടക്കയിൽ കിടക്കുമ്പോഴാണ് സിമന്റ് പാളി വീണത്. ഒരു വശം ചരിഞ്ഞു കിടന്നതിനാൽ അവശിഷ്ടങ്ങൾ മുഖത്ത് വീണില്ല, പരിക്കുകളില്ലാതെ ശ്യാം രക്ഷപ്പെട്ടു.
അടുത്ത കിടക്കയിലും പാളി വീണു. ആശുപത്രി ജീവനക്കാർ പിന്നീട് പാളികൾ നീക്കം ചെയ്തു. തുടർന്ന് രോഗിയെ മറ്റൊരു കിടക്കയിലേക്ക് മാറ്റി. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ പ്രതിഷേധ പ്രകടനം നടത്തി

