ന്യൂഡൽഹി : ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ നിർദ്ദേശിച്ച് ടെഹ്റാനിലെ ഇന്ത്യൻ എംബസി . ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിപ്പും പുറപ്പെടുവിച്ചു.
നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ (വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ) വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെയുള്ള ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇറാനിൽ നിന്ന് പുറത്തുപോകാനാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. എല്ലാ ഇന്ത്യൻ പൗരന്മാരും പിഐഒകളും ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്നും പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കണമെന്നും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലുള്ളതും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തതുമായ എല്ലാ ഇന്ത്യൻ പൗരന്മാരും (https://www.meaers.com/request/home) എന്ന ലിങ്ക് സന്ദർശിക്കണം. എംബസി വെബ്സൈറ്റിലും ലിങ്ക് ലഭ്യമാണ്. ഇറാനിലെ ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം ഏതെങ്കിലും ഇന്ത്യൻ പൗരന് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഇന്ത്യയിലെ അവരുടെ കുടുംബങ്ങളോട് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
അതേസമയം ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇന്ന് രംഗത്തെത്തിയിരുന്നു.”ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധങ്ങൾ തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ പിടിച്ചെടുക്കൂ! കൊലപാതകികളുടെയും ദുരുപയോഗം ചെയ്തവരുടെയും പേരുകൾ ഓർമ്മിക്കുക. അവർ കനത്ത വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ വിവേകശൂന്യമായി കൊല്ലുന്നത് നിർത്തുന്നത് വരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കി. സഹായം എത്തിക്കൊണ്ടിരിക്കുന്നു.” എന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ ട്രംപ് കുറിച്ചത്.
ഇറാനിൽ ആരംഭിച്ച പ്രതിഷേധങ്ങൾ ഇപ്പോൾ അക്രമാസക്തമായിരിക്കുകയാണ്. രണ്ടായിരത്തിലധികം പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഇറാനിലെ തെരുവുകളിൽ സർക്കാർ കെട്ടിടങ്ങളും സ്വത്തുക്കളും അഗ്നിക്കിരയാകുന്നുണ്ട്.

