പത്തനംതിട്ട: എംഎൽഎ സ്ഥാനം രാജിവയ്ക്കുന്ന കാര്യം താൻ ആലോചിച്ചിട്ടില്ലെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ . തനിക്കെതിരെ ആരോപണം മാത്രമാണ് ഉള്ളതെന്നും, പരാതിയോ, എഫ് ഐ ആറോ ഇല്ലെന്നും രാഹുൽ പറഞ്ഞു.
“എനിക്കെതിരെ ഒരു പരാതിയോ എഫ്ഐആറോ ഇല്ല. ആരോപണങ്ങൾ കാരണം മാത്രമാണ് ഞാൻ വൈ.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. പാർട്ടി നേതൃത്വത്തിന് എന്റെ ഭാഗം വിശദീകരിക്കാൻ എനിക്ക് ഉടൻ കഴിയും. എന്റെ ഭാഗം ഞാൻ വ്യക്തമാക്കുകയും നേതൃത്വത്തെയും ബോധ്യപ്പെടുത്തുകയും ചെയ്യും. എന്റെ രാജിക്കായുള്ള മുറവിളി രാഷ്ട്രീയത്തിന്റെ ദുർഗന്ധം വമിക്കുന്നതാണ്, അതിന് ഒരു പ്രാധാന്യവുമില്ല,” രാഹുൽ പറഞ്ഞു.
അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ മടിക്കുന്നതിനെതിരെ കോൺഗ്രസ് ക്യാമ്പിനുള്ളിൽ വിയോജിപ്പ് ഉയരുന്നുണ്ട്. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഹുലിന്റെ നിലപാട് തിരിച്ചടിയാകുമെന്നാണ് നേതൃത്വം ഭയപ്പെടുന്നത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശനിയാഴ്ച രാവിലെ സൂചന നൽകിയിരുന്നു. എന്നാൽ, രാഹുലിന്റെ ഇപ്പോഴത്തെ നിലപാട് കോൺഗ്രസിനുള്ളിലെ ഘടക ഘക്ഷികളെയും കുഴപ്പത്തിലാക്കിയിട്ടുണ്ട്.
അതേസമയം രാഹുലിനെ പിന്തുണച്ച് ഷാഫി പറമ്പിലും രംഗത്തെത്തി . രാഹുൽ വെറും ആരോപണങ്ങൾ നേരിടുകയാണ് . പക്ഷേ ഈ സംഭവത്തിൽ എഫ്ഐആറോ നിയമപരമായ പരാതിയോ ഒന്നുമില്ല , ഈ വിഷയത്തിൽ കോൺഗ്രസിനെ നിശബ്ദമാക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അത് ഫലം കാണില്ലെന്നാണ് ഷാഫിയുടെ പ്രസ്താവന.

