മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ നിലമ്പൂർ എംഎൽഎ പി.വി. അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. ഉപതിരഞ്ഞെടുപ്പ് കൂടുതൽ കാലതാമസമില്ലാതെ നടത്തണമെന്നും, ഇനിയും മാറ്റിവച്ചാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കത്തിൽ അൻവർ പറയുന്നത്.
ജനപ്രാതിനിധ്യ നിയമമനുസരിച്ച് നിയമസഭാ ഒഴിവ് വന്ന് ആറ് മാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും അൻവർ ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ നിലമ്പൂരിനും ബാധകമാണെന്നും, ഈ കാലതാമസം മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാണെന്നും കത്തിൽ പറയുന്നു.
അതേസമയം, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, നിലമ്പൂർ മണ്ഡലത്തിലെ പുതുക്കിയ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം, ആകെ വോട്ടർമാരുടെ എണ്ണം 2,32,384 ആണ് – 1,13,486 പുരുഷന്മാരും 1,18,889 സ്ത്രീകളും ഒമ്പത് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 263 ആയി ഉയർത്തി, 59 പുതിയ ബൂത്തുകൾ കൂടി ചേർത്തു. മണ്ഡലത്തിലെ ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 1,048 സ്ത്രീകൾ എന്നതാണ്. അന്തിമ പട്ടികയിൽ 374 നോൺ-റസിഡന്റ് ഇന്ത്യൻ (എൻആർഐ) വോട്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

