തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനൊരുങ്ങുന്നതായി സൂചന . ഇടവ മാസ പൂജയ്ക്കിടെയാകും ദ്രൗപതി മുർമു അയ്യപ്പദർശനത്തിനെത്തുക.. തീർത്ഥാടന ക്രമീകരണങ്ങൾ സംബന്ധിച്ച് രാഷ്ട്രപതിഭവൻ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
മാർച്ചിലെ മീനമാസ പൂജയെ തുടർന്ന് ശബരിമലയിലെ സുരക്ഷയും താമസ സൗകര്യങ്ങളും പോലീസ് അവലോകനം ചെയ്തിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് പരിശോധന കേന്ദ്രീകരിച്ചത്. പത്തനംതിട്ട ജില്ലാ കളക്ടറും ദേവസ്വം ബോർഡിൻ്റെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ നിന്ന് വിശദാംശങ്ങൾ തേടിയിരുന്നു.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പദയാത്രയുടെ ക്രമീകരണങ്ങളെക്കുറിച്ച് രാഷ്ട്രപതിയുടെ നഴ്സിംഗ് സൂപ്രണ്ടും ചോദിച്ചറിഞ്ഞിരുന്നു. ഹെലികോപ്റ്ററിൽ നിലയ്ക്കലിലെത്തി ദർശനത്തിനായി പമ്പയിൽ നിന്ന് കാൽനടയായി സന്നിധാനത്തേക്ക് പോകുമെന്നാണ് സൂചന.
രാഷ്ട്രപതിയുടെ സന്ദർശനം സംബന്ധിച്ച് ദേവസ്വം ബോർഡിന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല . അനൗപചാരിക ആശയവിനിമയം നടത്തിയതായി ബോർഡ് അംഗം എ അജികുമാർ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറും മറ്റ് ഉദ്യോഗസ്ഥരും ദർശനത്തിന് സാധ്യതയുള്ള തീയതി സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. മെയ് 14 മുതൽ 19 വരെ ക്ഷേത്രം തുറന്നിരിക്കും, ഈ തീയതികൾ സൗകര്യപ്രദമാകുമെന്ന് ബോർഡ് അറിയിച്ചിട്ടുമുണ്ട്.
.ഗുരുവായൂരിലും മറ്റ് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഉൾപ്പെടെ വിപുലമായ തീർത്ഥാടനത്തിൻ്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.