കൊച്ചി : കോതമംഗലം എസ് എച്ച് ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് . അർജുൻ ആയങ്കിക്ക് മുൻപ് അനുവദിച്ച ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി.അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച കേസ് കോടതി പരിഗണിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജിൻ ആയങ്കിക്കെതിരെ ഐ ടി ആക്ട് പ്രകാരം പൊലീസ് നേരത്തെ പുതിയ കേസെടുത്തിരുന്നു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി അടക്കം ആറ് പേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വോട്ടെണ്ണല്ലിന് തലേ ദിവസമാണ് തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഇവരെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് വീഡിയോ ഷെയർ ചെയ്തുവെന്നത് മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് അർജുൻ ആയങ്കി പറഞ്ഞത് .ഈ കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടിയതിനു പിന്നാലെയായിരുന്നു പൊലീസിനെതിരെ അർജുൻ ആയങ്കി ഭീഷണി മുഴക്കിയത്.
കോതമംഗലം സി ഐ പ്രശാന്തിനെ ലക്ഷ്യം വച്ചായിരുന്നു ഭീഷണി .ജോലിയിൽ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ പരസ്യ ഭീഷണി . തനിക്ക് നേരിടേണ്ടിവരുന്ന ഓരോ ബുദ്ധിമുട്ടുകൾക്കും കണക്ക് ചോദിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. അർജുൻ ആയങ്കിയ്ക്ക് നൽകിയ ജാമ്യവ്യവസ്ഥകളുടെ ലംഘനമാണിതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് .

