ആലപ്പുഴ : 2021-ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരമായ ചികിത്സയാണ് നൽകിയതെന്ന് എഫ്ഐആറിൽ പറയുന്നു. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
ഡോ. ലളിതാംബികയുടെ യൂണിറ്റിന് കീഴിലുള്ള ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, കേസിൽ അവരെ പ്രതി ചേർത്തിട്ടില്ല. വിവാദമായതിന് പിന്നാലെ ഡോ. ഷാഹിദയെയും നഴ്സിംഗ് ഓഫീസർ പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തിരുന്നു. ഡോ. ഷാഹിദ നിലവിൽ തിരുവനന്തപുരത്തെ എസ്എടിയിൽ അസോസിയേറ്റ് പ്രൊഫസറാണ്.
ഡോ. ലളിതാംബികയും നഴ്സുമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഉഷയുടെ ഭർത്താവ് അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോ. ലളിതാംബികയെ മാത്രമാണ് പ്രതി ചേർത്തത്. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പോലീസ് അറിയിച്ചു.
രോഗിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്നും മസ്കിറ്റോ എന്ന ചെറിയ ഉപകരണമാണെന്നും ലളിതാംബിക കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉപകരണം ശരീരത്തിലാണെങ്കിലും അഞ്ചല്ല 50 വർഷത്തിനുശേഷവും ഒന്നും സംഭവിക്കില്ല. ഉഷ ജോസഫ് മുൻപും ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. അന്ന് ഉപകരണം അകത്തു കടന്നിരിക്കാം. ശസ്ത്രക്രിയ നടത്തിയത് താനല്ല, അന്ന് വകുപ്പ് മേധാവിയായിരുന്നതിനാലാണ് തന്റെ പേര് പരാമർശിക്കുന്നതെന്നും ലളിതാംബിക പറഞ്ഞിരുന്നു.

