കണ്ണൂർ: കാപ്പ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് നടത്തിയ റെയ്ഡിനിടെ, മാരകമായ മയക്കുമരുന്നുകളും ആയുധങ്ങളും കൈവശം വച്ച സ്ത്രീ അറസ്റ്റിലായി. വാടകയ്ക്ക് എടുത്ത ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അവിടെ നിന്ന് എംഡിഎംഎ, വാൾ എന്നിവ പോലീസ് കണ്ടെത്തി. തയ്യിൽ സ്വദേശിയും നിലവിൽ കണ്ണൂർ ചാലാട് മണലിലെ ക്വട്ടേഴ്സിൽ താമസിക്കുന്നതുമായ സീനത്ത് (48) ആണ് പിടിയിലായത് .
ടൗൺ സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കോഡേരിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കാപ്പ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി പട്ടാരത്ത് റഹീമും കൂട്ടാളികളും മണലിലിലെ ഒരു വാടക വീട്ടിൽ താമസിച്ചിരുന്നുവെന്നും അവിടെ ഷഹദ് എന്നയാൾ താമസിക്കുന്നുണ്ടെന്നും പോലീസിനു വിവരം ലഭിച്ചിരുന്നു. ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഷഹദിന്റെ അമ്മ സീനത്ത് സംശയാസ്പദമായി പെരുമാറുന്നത് ശ്രദ്ധിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു.
പരിശോധനയിൽ 1.40 ഗ്രാം എംഡിഎംഎ ഒളിപ്പിച്ചതായി കണ്ടെത്തി. വീട് കൂടുതൽ പരിശോധിച്ചപ്പോൾ ഒരു മുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച ഒരു വാളും കണ്ടെത്തി. അതേസമയം, സീനത്തിന്റെ മരുമകൻ ഷാഹിദ് അഫ്നാസ് (25) ഒരു സ്കൂട്ടറിൽ എത്തി പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാളെയും പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് 3.45 ഗ്രാം കഞ്ചാവ് കണ്ടെത്തി. നഗരത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയുമായി രണ്ട് പ്രതികൾക്കും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

