ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയതോടെ വെട്ടിലായി പരിശീലകർ. ഇൻഷൂറൻസ് ഇല്ലാത്തതിനെ തുടർന്ന് 1,200 ലധികം പേരുടെ ടെസ്റ്റ് ആണ് മുടങ്ങിയത്. ഈ മാസം 9 മുതലാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവർ ടെസ്റ്റിന് ഇരിക്കുന്ന വാഹനത്തിന്റെ ഇൻഷൂറൻസ് രേഖകൾ ഹാജരാക്കണമെന്ന് നിയമം നിർബന്ധമാക്കിയത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങിയത്. ഇവർക്കൊന്നും വാഹനത്തിന്റെ ഇൻഷൂറൻസ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ടെസ്റ്റിന്റെ സമയത്ത് കഴിഞ്ഞില്ല. ടെസ്റ്റ് മുടങ്ങിയതോടെ ഇൻഷൂറൻസ് വേഗത്തിൽ ശരിയാക്കാനുള്ള തത്രപ്പാടിലാണ് പരിശീലകർ. ട്രേഡ് യൂണിയനായ ഫോർസയുടെ ആവശ്യപ്രകാരമാണ് ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവർ വാഹനത്തിന്റെ ഇൻഷൂറൻസ് രേഖകൾ ഹാജരാക്കണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത്.

