തിരുവനന്തപുരം : സ്നേഹിക്കുന്ന ഒരാളെയും വിശ്വാസിക്കാനാകില്ലെന്ന സന്ദേശമാണ് ഗ്രീഷ്മ നൽകിയതെന്നാണ് വിധി പ്രസ്താവിച്ച നെയ്യാറ്റിൻകര സെഷൻസ് കോടതി പറഞ്ഞത് . അത്രത്തോളം സ്നേഹിച്ചിരുന്നു ഷാരോൺ തന്റെ പ്രണയിനിയെ . ഇന്ന് വധശിക്ഷ വിധി കേട്ടപ്പോൾ ആദ്യം മിഴികൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയായി നിൽക്കുന്ന ഗ്രീഷ്മയെയാണ് കണ്ടത്.എന്നാൽ കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു. വിധികേൾക്കാനായി ഇന്ന് ഷാരോണിൻ്റെ കുടുംബം കോടതിയിലെത്തിയിരുന്നു.
കേസിൽ ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി.
ഗ്രീഷ്മക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്നാണ് ഗ്രീഷ്മയുടെ ആവശ്യം. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. ഒക്ടോബർ 25 ന് മരണം സംഭവിച്ചു.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.