മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നത്.
അൻവറിനെ പാർട്ടിയിലേക്ക് ഊഷ്മളമായി സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും തൃണമൂൽ കോൺഗ്രസ് ട്വീറ്റ് ചെയ്തു. ജനസേവനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന നേതാവാണ് അൻവർ. ജനങ്ങളുടെ അവകാശത്തിനായി എപ്പോഴും ശബ്ദമുയർത്തുന്ന അദ്ദേഹം ഇനി തൃണമൂലിനൊപ്പം ചേർന്ന് രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുമെന്ന് അഭിഷേക് ബാനർജി അറിയിച്ചു.
നിലവിൽ കൊൽക്കത്തയിലുള്ള അൻവർ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയോടൊപ്പം ശനിയാഴ്ച മാധ്യമങ്ങളെ കാണും. തൃണമൂൽ കോൺഗ്രസിന്റെ കേരള കോ-ഓർഡിനേറ്റർ സ്ഥാനം അൻവറിന് ലഭിക്കുമെന്നാണ് സൂചന.
അതേസമയം അൻവറിന്റെ തൃണമൂൽ പ്രവേശനം കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളെ ഒരേ പോലെ ഞെട്ടിച്ചിരിക്കുകയാണ്. എൽഡിഎഫിൽ നിന്ന് ഇറങ്ങിയ അൻവർ യുഡിഎഫിൽ ചേരാൻ ശ്രമങ്ങൾ നടത്തിയിരുന്നു. ഇക്കാര്യത്തിൽ ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും കോൺഗ്രസിലെയും മറ്റ് പാർട്ടികളിലെയും അഭിപ്രായ വ്യത്യാസം അൻവറിന് തിരിച്ചടിയായിരുന്നു.
എന്നാൽ, സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരുന്നതിന് മുൻപ് മറ്റൊരു പാർട്ടയിൽ ചേർന്നാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തെ അൻവർ എങ്ങനെ നേരിടും എന്നതാണ് പുതിയ വിഷയം.