ടെഹ്റാൻ : രാജ്യത്തുടനീളം അക്രമാസക്തമായ ഭരണവിരുദ്ധ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലും, യുഎസ് സൈനിക ഇടപെടലിന്റെ ഭീഷണിക്കിടയിലും ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയും കുടുംബവും ഒളിവിൽ പോയി.ഖമേനിയുടെ രഹസ്യ ബങ്കർ ടെഹ്റാനിലെ ലാവിസാൻ അയൽപക്കത്താണ് സ്ഥിതി ചെയ്യുന്നതെന്നാണ് സൂചന.
രഹസ്യ താവളം കുറഞ്ഞത് 90-100 മീറ്റർ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്നതായും, ബോംബ് വിരുദ്ധ, വിമാന വിരുദ്ധ സംവിധാനങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുണ്ട്.ഇറാന്റെ രഹസ്യ സൈനിക, ആണവ ഗവേഷണ സൗകര്യങ്ങളാൽ ചുറ്റപ്പെട്ട ബങ്കർ, കഴിഞ്ഞ വർഷം ജൂണിൽ യുഎസിന്റെ ബി-2 സ്റ്റെൽത്ത് ബോംബറിൽ നിന്ന് ആക്രമണത്തിന് വിധേയമായ ഭൂഗർഭ ഫോർഡോ ആണവ കേന്ദ്രത്തേക്കാൾ സുരക്ഷിതവും ശക്തവുമാണെന്ന് വിശ്വസിക്കപ്പെടുന്നു.
അയത്തുള്ള ഖമേനിയെയും മകൻ മോജ്തബ ഖമേനി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ അടുത്ത കുടുംബത്തെയും ടെഹ്റാനിലെ പ്രാന്തപ്രദേശമായ ലാവിസാനിലെ അതീവ രഹസ്യമായ ബങ്കറിലേക്ക് കൊണ്ടുപോയതായും രഹസ്യ എലൈറ്റ് യൂണിറ്റ് അവർക്ക് കാവൽ നിൽക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാനിൽ സൈനിക ഇടപെടൽ ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎസ്എസ് എബ്രഹാം ലിങ്കൺ പോലുള്ള ആണവ വിമാനവാഹിനിക്കപ്പലുകളും മറ്റ് തന്ത്രപ്രധാന നാവിക ആയുധങ്ങളും മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചുകൊണ്ട് മേഖലയിലെ യുഎസ് നാവിക സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച യുഎസ് ഡിസ്ട്രോയറുകൾ ഉപയോഗിച്ച് ഇറാനെ വളയാനുള്ള ഒരു മാർഗമായാണ് ട്രംപിന്റെ നീക്കം കാണപ്പെടുന്നത്.മാത്രമല്ല യുഎസ് വെനിസ്വേല ശൈലിയിലുള്ള ഓപ്പറേഷൻ യുഎസ് ആസൂത്രണം ചെയ്യുന്നുണ്ടാകാമെന്നും ഖമേനി ഭയപ്പെടുന്നുണ്ട്.

