തിരുവനന്തപുരം : ആശുപത്രിയിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ തന്നെ വ്യക്തിപരമായി കുടുക്കാനും ആക്രമിക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഹാരിസ് ചിറക്കൽ . ഓഫീസ് മുറി മറ്റൊരു പൂട്ടുകൊണ്ട് പൂട്ടിയതിൽ അധികൃതർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾക്ക് എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഈ ആരോപണങ്ങൾ പരാമർശിച്ചിരിക്കുന്നത് .
കൃത്രിമത്വം നടത്തി തന്നെ കുടുക്കാൻ അവർ ശ്രമിക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഓഫീസ് മുറിയിൽ ഔദ്യോഗിക രഹസ്യ രേഖകൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. ‘ പ്രിൻസിപ്പൽ മുറി തുറന്ന് മെഷീനുകൾ പരിശോധിക്കുകയും ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കൽ സ്റ്റാഫ്, ബയോമെഡിക്കൽ സ്റ്റാഫ് എന്നിവർ എല്ലാവരും അകത്തു കയറി പരിശോധിച്ച ശേഷം മുറി മറ്റൊരു പൂട്ട് ഉപയോഗിച്ച് പൂട്ടി . എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് അന്വേഷിക്കണം.‘ ഹാരിസ് പറയുന്നു.
നാലാം തീയതി മുതൽ ഡോക്ടർ ഹാരിസ് അവധിയിലാണ്. ഡോക്ടറുടെ അസാന്നിധ്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ രണ്ടുതവണ ഡോക്ടറുടെ ഓഫീസ് റൂം പരിശോധിച്ചത്.സ്റ്റോക്ക്, ഹാജർ, ഡെസ്പാച്ച് എന്നിവയുടെ രജിസ്റ്ററുകൾ, എംസിഎച്ച് പരീക്ഷാ പേപ്പറുകൾ, അതിന്റെ വീഡിയോ റെക്കോർഡുകൾ, മാർക്ക് ലിസ്റ്റുകൾ, മറ്റ് ഔദ്യോഗിക രഹസ്യ രേഖകൾ എന്നിവയും അവിടെ സൂക്ഷിച്ചിരുന്നു. അന്വേഷണം, സ്റ്റോക്ക് പരിശോധന, ഓഡിറ്റിംഗ് എന്നിവയ്ക്കിടെ വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നാണ് ഹാരിസിന്റെ ആരോപണം.

