കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ പൈശാചികമായ റാഗിംഗിൽ ശക്തമായ നടപടിയുമായി നഴ്സിംഗ് കൗൺസിൽ. സംഭവത്തിൽ പ്രതികളായ 5 പേരുടെയും തുടർ പഠനം തടയാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതോടെ പ്രതികൾക്ക് ഇനി ഒരിക്കലും കേരളത്തിൽ നേഴ്സിംഗ് പഠനം തുടരുവാനോ നേഴ്സ് ആയി ജോലി ചെയ്യുവാനോ സാധിക്കില്ല.
ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നിവർ ചെയ്തത്. ക്രൂരമായ റാഗിംഗാണ് നടന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും നേഴ്സിംഗ് കൗൺസിൽ വ്യക്തമാക്കി.
സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നേഴ്സിംഗ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. തുടർ നടപടികൾ അതിവേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നുവെന്നും നേഴ്സിംഗ് കൗൺസിൽ അംഗം ഉഷാദേവി മാധ്യമങ്ങളോട് പറഞ്ഞു.