ആലപ്പുഴ: താൻ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി പരിശോധിക്കുമോ എന്ന് അറിയില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് തന്നെ ഒറ്റപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും നേതാക്കൾ വസ്തുതകൾക്ക് വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും പാർട്ടി പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും സുധാകരൻ വ്യക്തമാക്കി.
‘ഇവിടെ ഒരു സൈബർ യോദ്ധാവും എനിക്കെതിരെ പോരാടുന്നില്ല. കഴിഞ്ഞ അഞ്ചര വർഷമായി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെ ഇന്നത്തെ ചില പാർട്ടി ഭാരവാഹികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇതിന് പിന്നിൽ ഒരു സൈബർ യോദ്ധാവുമില്ല. ആലപ്പുഴയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ജില്ലാ സെക്രട്ടറി ആർ നാസർ വസ്തുതകൾ അറിയാതെയാണ് വിമർശിക്കുന്നത്.‘ – ജി സുധാകരൻ പറഞ്ഞു.
ഫേസ്ബുക്കിലൂടെ പാർട്ടിപ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെന്ററി മോഹമെന്ന് പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടി എടുക്കണം. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനം നടത്തി.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു.

