തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാടക ഓഫീസ് ഒഴിയാൻ ഒരുങ്ങുന്നു. വാർഡ് കൗൺസിലർ ആർ ശ്രീലേഖയുമായി ഓഫീസിന്റെ പേരിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം . പ്രശാന്ത് തന്റെ എംഎൽഎ ഓഫീസ് മരുതൻകുഴിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.
ശ്രീലേഖ നേരത്തെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാറാൻ പ്രശാന്ത് വിസമ്മതിക്കുകയും എംഎൽഎയോട് ഓഫീസ് ഒഴിയണമെന്ന് ഒരു വാർഡ് കൗൺസിലർ പറഞ്ഞുവെന്ന രീതിയിൽ വിവാദങ്ങൾ ഉണ്ടാകുകയും ചെയ്തു. തുടർന്ന് ശ്രീലേഖ വിശദീകരണങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. പിന്നാലെ ഓഫീസ് പ്രശ്നം രാഷ്ട്രീയ തർക്കമായി മാറി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും മറ്റുള്ളവരും ശ്രീലേഖയെ രൂക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ ഇനി തർക്കങ്ങളോ ചർച്ചകളോ ഇല്ലെന്നും ഓഫീസ് ഒഴിയാൻ തീരുമാനിച്ചതായും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. എംഎൽഎ ഓഫീസ് ദിവസവും നൂറുകണക്കിന് ആളുകൾ വരുന്ന സ്ഥലമാണെന്നും അതിന് അനുയോജ്യമായ സ്ഥലത്തേക്ക് താൻ മാറുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഇനി തർക്കങ്ങൾക്ക് ഇടമില്ല. വികസനത്തിനാണ് ജനങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തത്. രാഷ്ട്രീയത്തിനല്ല ആളുകൾ ഓഫീസിലേക്ക് വരുന്നത്. വിവാദങ്ങളുടെ പേരിൽ വ്യക്തിപരമായി എനിക്കെതിരെ അപവാദം പ്രചരിപ്പിക്കാൻ ശ്രമം നടന്നു. പുതിയ ഓഫീസിലേക്ക് മാറുന്ന തീയതി തീരുമാനിച്ചിട്ടില്ല,’ പ്രശാന്ത് പറഞ്ഞു.
അടുത്തിടെ, എംഎൽഎയുടെ ബോർഡിന് മുകളിൽ ശ്രീലേഖയുടെ പേരുള്ള ബോർഡ് സ്ഥാപിച്ചതും ഏറെ ചർച്ചയായി.

