ഡബ്ലിൻ: ഈ വർഷം അയർലൻഡിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി. രാജ്യത്ത് ഈ വർഷവും ഭവന വില തുടർച്ചയായി ഉയരും. ഡിഎൻജിയാണ് ഇത് സംബന്ധിച്ച വിലയിരുത്തൽ പങ്കുവച്ചിരിക്കുന്നത്. വിപണിയിലെ സമീപകാല മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ഈ വർഷം മൂന്ന് മുതൽ നാല് ശതമാനം വരെ വില ഉയരാമെന്നാണ് ഡിഎൻജി വ്യക്തമാക്കുന്നത്.
2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മുൻ വർഷം വീടുകളുടെ ലഭ്യതയിൽ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം അധികം വീടുകൾ ആളുകൾക്ക് കൈമാറി. എന്നാൽ ഇത് കൂടുതൽ കാര്യക്ഷമമാക്കണമെങ്കിൽ സർക്കാർ ഭവന ലക്ഷ്യം കൈവരിക്കണം. 2030 ആകുമ്പോഴേയ്ക്കും മൂന്ന് ലക്ഷം വീടുകൾ എന്ന ലക്ഷ്യം പൂർത്തീകരിച്ചാൽ മാത്രമേ നിലവിലെ പ്രതിസന്ധിയ്ക്ക് അയവ് വരികയുള്ളൂവെന്നും ഡിഎൻജി ചൂണ്ടിക്കാട്ടി.

