തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ ഡിണ്ടിഗൽ സ്വദേശി ഡി മണി (ഡയമണ്ട് മണി)ക്ക് ക്ലീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം . ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഡി മണിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് എസ്ഐടി പറയുന്നത് . ശബരിമലയിൽ നിന്നുള്ള സ്വർണ്ണാഭരണങ്ങൾ വിദേശത്തേക്ക് കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി ഡി മണിയെ ചോദ്യം ചെയ്തത്. എന്നാൽ, പ്രവാസിയുമായുള്ള മണിയുടെ ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രവാസി വ്യവസായിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര പുരാവസ്തു വ്യാപാരികളുമായി ബന്ധമുള്ള തമിഴ്നാട്ടിലെ ഡിണ്ടിഗൽ സ്വദേശിയായ ഡി മണി, സ്വർണം വിൽക്കുന്നതിനുള്ള ബിസിനസ് ഇടപാടുകളുടെ ഭാഗമായി തിരുവനന്തപുരത്താണെന്ന് എസ്ഐടിയോട് പറഞ്ഞിരുന്നു. ഇവ ശബരിമലയിൽ നിന്നുള്ള ആഭരണങ്ങളാണെന്ന് സംശയിച്ചിരുന്നു.
ഇതാണ് മണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അന്വേഷണത്തെ പ്രേരിപ്പിച്ചത്. മണിയെ രണ്ടുവട്ടം എസ്ഐടി ചോദ്യം ചെയ്തിരുന്നു. തമിഴ്നാട്ടിലെത്തിയും തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലിലെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. അതേസമയം, സ്വർണ്ണ കവർച്ചയുമായോ ഉണ്ണികൃഷ്ണൻ പോറ്റിയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡി മണി ആവർത്തിച്ചു. ഉദ്യോഗസ്ഥർ തന്നെ മറ്റൊരാളായി തെറ്റിദ്ധരിച്ചതായും കള്ളക്കടത്ത് സംഘവുമായി തനിക്ക് എവിടെയും ബന്ധമില്ലെന്നും മണി നേരത്തെ പറഞ്ഞിരുന്നു.

