ഇടുക്കി: ഇടുക്കിയിലെ മണിയാറൻകുടിയിൽ വീട്ടിൽ നടന്ന പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. പാസ്റ്ററായ ജോൺസൺ- ബിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത് . രാവിലെ 11 മണിയോടെയാണ് സംഭവം.
വിശ്വാസം കാരണം ആശുപത്രി ചികിത്സ ഒഴിവാക്കുന്ന ഗ്രൂപ്പിൽപ്പെട്ടവരാണ് ദമ്പതികൾ. തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസൺ അടുത്തിടെ കുടുംബത്തോടൊപ്പം മണിയാറൻകുടിയിലെ വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞയുടനെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, പക്ഷേ കുടുംബം ആദ്യം ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചു.
പിന്നീട്, പോലീസിന്റെ സഹായത്തോടെ ബിജിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക് 12, 9, 5 വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളുണ്ട്. മൂന്ന് പ്രസവങ്ങളും ഭർത്താവ് വീട്ടിൽ വെച്ചാണ് നടത്തിയതെന്ന് ബിജി പറഞ്ഞു.

