കൊച്ചി: പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്കുവേണ്ടി ചാരവൃത്തി നടത്തിയതിന് നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ഉദ്യോഗസ്ഥനായ ആദർശ് കുമാറാണ് അറസ്റ്റിലായത് . ആഗ്ര സ്വദേശിയാണ്. നാവികസേനയിൽ ലാൻസ് നായിക് പോസ്റ്റിലാണ് ആദർശ് ജോലി ചെയ്തിരുന്നത്.
തന്ത്രപ്രധാന സ്ഥലങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും ചിത്രങ്ങൾ ഉൾപ്പെടെയുള്ള പ്രധാന വിവരങ്ങൾ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) കൈമാറിയതിനാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ ശേഖരിക്കും. മുമ്പ് ജോലി ചെയ്തിരുന്ന മറ്റ് സ്ഥലങ്ങളിലും സമാനമായ ചാരവൃത്തി നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും
ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡാണ് ആദർശിനെ പിടികൂടിയത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐയുമായി അടുത്ത ബന്ധമുള്ളവരുമായി ആദർശ് ബന്ധം സ്ഥാപിച്ചിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഏജന്റ് പണം കൈമാറുകയും ആദർശ് ഫോട്ടോകൾ പങ്കുവെക്കുകയും ചെയ്തു. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ആദർശിനെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു.

