കൊല്ലം : കൊട്ടിയത്ത് നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞുതകർന്നു . സർവീസ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കൊട്ടിയത്ത് മൈലക്കാടിനടുത്താണ് സംഭവം. സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ മന്ത്രി മുഹമ്മദ് റിയാസ് ഉത്തരവിട്ടു. ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദഗ്ദ്ധരെ നിയോഗിച്ച് എന്താണ് സംഭവിച്ചതെന്ന് പഠിക്കുമെന്ന് ദേശീയ പാത അതോറിറ്റി വിശദീകരിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ സ്ഥലത്തെത്തും.
ദേശീയ പാതയുടെ നിർമ്മാണം ഏറ്റെടുത്ത ശിവാലയ എന്ന കമ്പനിക്കെതിരെ നാട്ടുകാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ഈ സ്ഥലത്ത് നടക്കുന്ന നിർമ്മാണം അശാസ്ത്രീയമാണെന്നും ആരോപണമുണ്ട് . കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതികൾ നൽകിയിട്ടുണ്ട് .കളക്ടർ നേരത്തെ ഈ സ്ഥലം സന്ദർശിച്ചിരുന്നു. അശാസ്ത്രീയമായ രീതിയെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ, ഭൂമിശാസ്ത്ര പരിശോധന നടത്തുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

