ചങ്ങനാശേരി : ശബരിമല സ്വർണ്ണക്കവർച്ചക്കേസിലെ പ്രതി മുരാരി ബാബു പെരുന്നയിൽ നിർമ്മിച്ച വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം . ക്ഷേത്ര ആവശ്യങ്ങൾക്കായി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീട് നിർമ്മാണത്തിനാവശ്യമായ തേക്കിൻ തടികൾ മുരാരി ബാബു വാങ്ങിയത്.
തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളുടെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും നിർമ്മാണത്തിന് തേക്ക് തടി ആവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം കോട്ടയം നട്ടാശ്ശേരിയിലെ വനം വകുപ്പിന്റെ തടി ഡിപ്പോയുമായി ബന്ധപ്പെട്ടിരുന്നു.എന്നാൽ, അവിടെ തടി സ്റ്റോക്കില്ലെന്ന് പറഞ്ഞപ്പോൾ, മറ്റേതെങ്കിലും ഡിപ്പോയിൽ നിന്ന് അത് ഏർപ്പാട് ചെയ്യാൻ മുരാരി ബാബു അവരോട് ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഒരു ഡിപ്പോയിൽ നിന്നാണ് തടി നൽകിയത്.
എന്നാൽ ആ സമയത്ത് തിരുനക്കരയിലും ഏറ്റുമാനൂരിലും അത്തരം നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയുടെ മരച്ചട്ടകൾ മാറ്റിസ്ഥാപിക്കാൻ പാഴ് മരം കൊണ്ടുവന്നെങ്കിലും ഉപദേശക സമിതിയുടെ എതിർപ്പിനെത്തുടർന്ന് പണി നടന്നില്ല.
2019 ൽ മുരാരി ബാബു പെരുന്നയിൽ നിർമ്മിച്ച ഇരുനില വീടിനു മാത്രം ഏകദേശം 2 കോടി രൂപ ചെലവഴിച്ചതായി കരുതപ്പെടുന്നു. തടി നിർമ്മിതികൾ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചത്. സ്വർണ്ണക്കടത്ത് നടന്ന അതേസമയം വീട് നിർമ്മിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. അതിനാലാണ്, വീട് നിർമ്മിച്ചതിനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നത് . കഴിഞ്ഞ ദിവസം പെരുന്നയിലെ വീട്ടിൽ നിന്ന് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം, മുരാരി ബാബുവിനെ റിമാന്റിൽ ലഭിക്കാൻ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

