തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം ആരംഭിച്ചു. പുലർച്ചെ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട് നിർവഹിച്ച ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നാല് ഗ്രൂപ്പുകളായി പുരോഹിതന്മാർ വേദങ്ങൾ ചൊല്ലാൻ തുടങ്ങി. തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട്, പ്രദീപ് നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ ശ്രീപദ്മനാഭസ്വാമിക്ക് പ്രത്യേക പുഷ്പാഞ്ജലിയും നിവേദ്യവും അർപ്പിച്ചു. രാവിലെ 6 മുതൽ 8 വരെയും രാവിലെ 9 മുതൽ 11 വരെയും വൈകുന്നേരം 6:30 മുതൽ 7 വരെയുമാണ് ജപം നടക്കുക . 56 ദിവസമാണ് മുറജപം നീണ്ടു നിൽക്കുക.
ശ്രീപദ്മനാഭസ്വാമി, നരസിംഹസ്വാമി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരെ രാത്രി 8:15 ന് ഘോഷയാത്രയായി എഴുന്നള്ളിച്ചു. ശ്രീബലി ഘോഷയാത്രയിൽ മൂലം തിരുനാൾ രാമവർമ്മ അനുഗമിച്ചു. ശൃംഗേരി, ഉഡുപ്പി, ഉത്തരാടി, കാഞ്ചീപുരം മഠങ്ങളിൽ നിന്നുള്ള സന്യാസിമാരും ഹൈദരാബാദിൽ നിന്നുള്ള ചിന്ന ജീയർ സ്വാമിയും ജപത്തിൽ പങ്കെടുക്കുന്നു.
രാവിലെ മുതൽ ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ജലജപം കാണാൻ നിരവധി പേർ വൈകുന്നേരം പത്മതീർത്ഥം തീരത്ത് തടിച്ചുകൂടി. വൈകുന്നേരം കിഴക്കൻ നടയിൽ വന്ദേ പത്മനാഭം സാംസ്കാരിക പരിപാടികൾ തെലുങ്ക് നടൻ റാണ ദഗ്ഗുബതി ഉദ്ഘാടനം ചെയ്തു. ജനുവരി 10 വരെ ദിവസവും വൈകുന്നേരം 5 മുതൽ രാത്രി 9 വരെ പരിപാടികൾ നടക്കും. 56 ദിവസത്തെ മുറജപവുമായി ബന്ധപ്പെട്ട് ദർശന സമയങ്ങളിൽ മാറ്റമുണ്ടാകില്ല. ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയ്ക്കൊപ്പം ഇത്തവണ അഥർവവേദവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 27 മുതൽ ജനുവരി 7 വരെ 12 ദിവസത്തെ പ്രത്യേക കളഭാഭിഷേകം നടക്കും. ജനുവരി 8 മുതൽ 14 വരെ പരമ്പരാഗത മാർഗഴി കളഭം നടക്കും. ജനുവരി 14 നാണ് ലക്ഷദീപം .

