തിരുവനന്തപുരം: സ്കൂൾ ക്ലാസുകളിൽ സ്ഥാനക്കയറ്റത്തിന് ഓരോ വിഷയങ്ങൾക്കും മിനിമം മാർക്ക് എന്ന സമ്പ്രദായം പുനസ്ഥാപിച്ച് സർക്കാർ. പുതിയ മാനദണ്ഡപ്രകാരമുള്ള കൊല്ലപ്പരീക്ഷ ഈ വർഷം തന്നെ നടപ്പാക്കും. എട്ടാം ക്ലാസ്സിലാണ് ഇത് നടപ്പിലാക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
2025-26 അദ്ധ്യയന വർഷം എട്ട്, ഒൻപത് ക്ലാസ്സുകളിലും 2026-27 അദ്ധ്യയന വർഷം എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലും മിനിമം മാർക്ക് രീതി നടപ്പിലാക്കും. മിനിമം മാർക്ക് സംബന്ധിച്ച് പൊതുവിദ്യാഭ്യസ കോൺക്ലേവിൽ ഉയർന്ന പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
പൊതുപരീക്ഷയിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി സർക്കാർ ഉത്തരവ് തയ്യാറായിട്ടുണ്ട്. മിനിമം മാർക്ക് നേടാൻ കഴിയാത്തവർക്ക് പരിഹാരബോധവും പരീക്ഷയും നടത്തും. മിനിമം മാർക്ക് കർശനമാക്കുന്നതോടെ പഠനം ഊർജ്ജിതമാക്കാൻ വിദ്യാർത്ഥികളും പഠനനിലവാരം മെച്ചപ്പെടുത്താൻ അദ്ധ്യാപകരും രക്ഷിതാക്കളും ശ്രമിച്ച് വരുന്നതായും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ഓൾ പ്രമോഷൻ നടപ്പിലാക്കിയത് ആദ്യ കാലങ്ങളിൽ തന്നെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. എല്ലാവരെയും ജയിപ്പിച്ച് വിടുന്നത് എയ്ഡഡ് മേഖലയിൽ വലിയ തോതിലുള്ള നിയമന അഴിമതികൾക്ക് കളമൊരുക്കാൻ കാരണമാകുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തീരുമാനവുമായി പിന്നീട് വന്ന എല്ലാ സർക്കാരുകളും മുന്നോട്ട് പോവുകയായിരുന്നു.
ദീർഘകാലാടിസ്ഥാനത്തിൽ ഓൾ പ്രമോഷൻ വലിയ തോതിൽ പൊതുവിദ്യാഭ്യാസത്തിന്റെ മൂല്യച്ച്യുതിക്ക് കാരണമായതായി പിന്നീടുണ്ടായ അനുഭവങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ അവകാശ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ദേശീയ തലത്തിൽ നടത്തുന്ന പൊതുപരീക്ഷകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്ക് വന്നതും ഇതിന്റെ ദോഷഫലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
സ്വന്തം പേരും വിലാസവും എഴുതാൻ അറിയാത്ത വിദ്യാർത്ഥികൾ പോലും പത്താം ക്ലാസ് പാസാവുകയാണെന്നും എ പ്ലസ്സുകൾ വാങ്ങുകയാണെന്നുമുള്ള വിമർശനങ്ങൾ അദ്ധ്യാപകർക്കിടയിൽ പോലും സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശം പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അനർഹമായ ഇത്തരം വിജയങ്ങൾ നൽകി കുട്ടികളുടെ ഭാവിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നതെന്ന് അന്നും വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ പുനർവിചിന്തനത്തിന് തയ്യാറായിരിക്കുന്നത്.