കോഴിക്കോട് : കക്കോടിയിൽ നിർമാണത്തിലിരുന്ന മതിലിടിഞ്ഞ് അപകടം. മതിലിനടിയിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശി ഉദയ് മാജിയാണ് മരിച്ചത്. അപകടത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒപ്പമുണ്ടായിരുന്ന കക്കോടി സ്വദേശി ഫൈസലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. താഴെ മതില് കെട്ടുന്നതിനിടെ മുകളില്‍ ഉണ്ടായിരുന്ന മതില് ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്തുണ്ടായിരുന്നവര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മതിലിനടിയിൽ കുടുങ്ങിയ ഉദയ് മാജിയെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നാലെയാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

