കൊല്ലം: സ്കൂൾ പരിസരത്ത് വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി വിലന്തറയിലെ വസതിയിലേക്ക് കൊണ്ടുവന്നു. കുവൈറ്റിൽ നിന്ന് അമ്മ സുജ ഇന്ന് രാവിലെ എത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സുജയെ വീട്ടിലേയ്ക്ക് കൊണ്ടുവരാനായി ബന്ധുവും, സുജയുടെ ഇളയ മകനും , അൻവർ സാദത്ത് എം എൽ എയും എത്തിയിരുന്നു. മകൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് സുജ .
നാലു മാസം മുൻപാണ് സുജ കുവൈറ്റിൽ അറബികുടുംബത്തിൽ ജോലിയ്ക്കായി പോയത് . മരണവിവരം അറിയിക്കുമ്പോൾ അറബികുടുംബത്തിനൊപ്പം തുർക്കിയിലായിരുന്നു സുജ . വിവരം അറിഞ്ഞതോടെ ട്രിപ്പ് ക്യാൻസൽ ചെയ്ത കുടുംബം സുജയെ ഉടൻ തന്നെ നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ ചെയ്യുകയായിരുന്നു.
അതേസമയം, ദാരുണമായ വാർത്ത കേട്ട് കുഴഞ്ഞുവീണ മിഥുന്റെ മുത്തശ്ശി മണിയമ്മയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കൊച്ചുമകന്റെ മരണവിവരം അറിഞ്ഞ ശേഷം മണിയമ്മ ആഹാരം കഴിച്ചിട്ടില്ലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ബന്ധുക്കൾ അവരെ ആശുപത്രിയിലേക്ക് മാറ്റി. മിഥുന്റെ സംസ്കാരം ഇന്ന് വൈകുന്നേരം നടക്കും.

