തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗ ചികിത്സ നൽകാത്തതിനെ തുടർന്ന് രോഗി മരിച്ചു. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് മരിച്ചത്. അധികൃതരുടെ അശ്രദ്ധ മൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം.
വേണു ചികിത്സയിലിരിക്കെ സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ആശുപത്രി മാത്രമായിരിക്കും ഉത്തരവാദി എന്നാണ് സന്ദേശത്തിൽ പറയുന്നത്. ആൻജിയോഗ്രാമിന് വേണ്ടി താൻ വന്നതാണെന്നും ആറ് ദിവസത്തിനുശേഷവും ആശുപത്രി അധികൃതർ തന്നെ ചികിത്സിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഴിമതിയുണ്ട്. . യൂണിഫോമിലുള്ളവരോട് എന്തെങ്കിലും ചോദിച്ചാൽ അവർ മറുപടി പറയില്ല , നോക്കാറുപോലുമില്ല. വെള്ളിയാഴ്ച രാത്രി ഞാൻ അടിയന്തര ആൻജിയോഗ്രാമിനായി ഇവിടെയെത്തി. ഇന്ന് ബുധനാഴ്ചയാണ്. ആറ് ദിവസമായി.അടിയന്തര കേസായി തിരുവനന്തപുരത്തേക്ക് റഫർ ചെയ്ത ഒരു രോഗിയാണ് ഞാൻ. എന്റെ പേരിൽ അവർ കാണിക്കുന്ന അനാസ്ഥ എനിക്ക് മനസ്സിലാകുന്നില്ല. ആൻജിയോഗ്രാമിനെക്കുറിച്ച് റൗണ്ട്സിനു വന്ന ഡോക്ടറോട് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു ധാരണയുമില്ലായിരുന്നു. കൈക്കൂലി വാങ്ങിയാണോ അവർ ഇത് ചെയ്യുന്നത് എന്ന് അറിയില്ല.
തിരുവനന്തപുരം പോലുള്ള ഒരു സ്ഥലത്ത് ഒരു കുടുംബത്തിലെ രണ്ടുപേർ താമസിക്കാൻ എത്ര ചിലവാകുമെന്ന് നിങ്ങൾക്കറിയാല്ലോ? സാധാരണക്കാരുടെ ഏറ്റവും വലിയ അഭയകേന്ദ്രമാകേണ്ട ആശുപത്രി, ഓരോ ജീവനും നരകമായി മാറുകയാണ്. . എന്റെ ജീവൻ അപകടത്തിലാണെങ്കിൽ, ഇവിടുത്തെ ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഈ ശബ്ദം പുറം ലോകത്തെ അറിയിക്കണം,’ എന്നാണ് വേണു പറയുന്നത്. സുഹൃത്തിന് സന്ദേശം നൽകി. ഈ ശബ്ദ സന്ദേശം അയച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം മരിച്ചു.

