ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി.യുടെ കുറ്റപത്രം റൗസ് അവന്യൂ കോടതി തള്ളി. ഇഡിക്ക് താൽപ്പര്യമുണ്ടെങ്കിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും , എഫ് ഐ ആർ ഇല്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമപ്രകാരം സമർപ്പിച്ച പരാതി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
കുറ്റപത്രത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സാം പിട്രോഡ, സുമൻ ദുബെ, സുനിൽ ഭണ്ഡാരി, യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇ.ഡി അന്വേഷണം ഒരു രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് പറയുന്നത് . വഞ്ചനയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും തെളിവുകൾ കണ്ടെത്തിയതിലൂടെ ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണെന്ന് ഇ.ഡി അവകാശപ്പെട്ടു. അസോസിയേറ്റഡ് ജേണൽസ് (എ.ജെ.എൽ) 2,000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ദുരുപയോഗം ചെയ്തതായി ഇ.ഡി ആരോപിച്ചു.
കുറ്റപത്രം തള്ളിയതിനു പിന്നാലെ സത്യം വിജയിച്ചുവെന്ന് കോൺഗ്രസ് പ്രതികരിച്ചു . ‘ സർക്കാരിന്റെ ദുരുദ്ദേശ്യപരവും നിയമവിരുദ്ധവുമായ നടപടികൾ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടു. യംഗ് ഇന്ത്യൻ കേസിൽ കോൺഗ്രസ് നേതൃത്വമായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ ഇഡിയുടെ നടപടി നിയമവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് ബഹുമാനപ്പെട്ട കോടതി കണ്ടെത്തി. എഫ്ഐആർ ഇല്ലാത്തതിനാൽ ഇഡിയുടെ കേസ് അതിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് കോടതി വിധിച്ചു, അതില്ലാതെ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ കഴിയില്ല. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പ്രധാന പ്രതിപക്ഷ പാർട്ടിക്കെതിരായ സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലും പ്രതികാര നടപടികളും ഇപ്പോൾ മുഴുവൻ രാജ്യത്തിനും മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ‘ എന്നും കോൺഗ്രസ് വ്യക്തമാക്കി.
അതേസമയം നിലവിൽ ഡൽഹി പൊലീസിന്റെ എഫ്ഐആറിൽ ഇഡിയ്ക്ക് തുടർ നടപടിയാകാം എന്ന് കോടതി നിർദേശിച്ചിട്ടുണ്ട് . യങ് ഇന്ത്യൻ കമ്പനി വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുക്കാന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

