തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഎംജിയിലുള്ള ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടുത്തം. കെട്ടിടത്തിന്റെ മുകൾ നിലയിൽ ഇന്ന് പുലർച്ചെ 4 മണിയോടെ വലിയ സ്ഫോടനം ഉണ്ടായതായും നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടർന്നതായും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് ഫയർഫോഴ്സ് സംഘം കണ്ടെത്തി. തീ നിയന്ത്രണവിധേയമാക്കാൻ പത്ത് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി. തീപിടുത്തത്തിൽ ഷോറൂമിന്റെ പല ഭാഗങ്ങളും കത്തിനശിച്ചു. വാഹനങ്ങൾ വിൽപ്പനയ്ക്ക് വച്ചിരുന്ന സ്ഥലങ്ങളിലേക്ക് തീ പടർന്നു.
ഷോറൂമിന്റെ മുകളിലത്തെ നിലയിലുള്ള എല്ലാ വാഹനങ്ങളും കത്തിനശിച്ചു. താഴത്തെ നിലയിൽ നിന്ന് അമ്പതോളം വാഹനങ്ങൾ സമീപത്തെ പള്ളിയുടെ സ്ഥലത്തേക്ക് ഫയർഫോഴ്സ് യൂണിറ്റ് മാറ്റി. ജനൽച്ചില്ല് തകർത്താണ് ഫയർഫോഴ്സ് സംഘം ഷോറൂമിൽ പ്രവേശിച്ചത്. ഷോറൂമിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോറൂമിന്റെ മുകളിലത്തെ നിലയിൽ ഇന്ധനം സൂക്ഷിച്ചിരുന്നതാണ് സ്ഫോടനത്തിന് കാരണമെന്നും സൂചനയുണ്ട്.

