തിരുവനന്തപുരം : കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയതിൽ പ്രതിഷേധിച്ച് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. 19 രാവിലെ 11 നാണ് മാർച്ച് ആരംഭിക്കുക.
അർദ്ധവാർഷിക പരീക്ഷയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പ് വിദ്യാർത്ഥികളെയും അധ്യാപകരെയും പൊതു സമൂഹത്തെയും ഒരു പോലെ ആശങ്കയിലാക്കുന്നതാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന കൺവീനർ പാറം കോട് ബിജു പറഞ്ഞു.
നിരന്തരമായി വിവാദങ്ങൾ സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസത്തിൻ്റെ വിശ്വാസ്യതയും പ്രസക്തിയും നഷ്ടപ്പെടുത്തുന്ന ഗൂഢ സംഘം വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്. അവരെ കണ്ടെത്തുകയും തുറന്ന് കാട്ടേണ്ടതും അനിവാര്യമാണ്.
ഓൺലൈൻ പോർട്ടലുകളിൽ നിന്ന് അതേപടി പകർത്തിയെടുത്താണ് പല വിഷയങ്ങളുടെയും ചോദ്യപേപ്പറുകൾ തയ്യാറാക്കിയിരിക്കുന്നത് പ്ലസ് വൺ ക്ലാസ്സുകളിലെ ഭൂരിഭാഗം ചോദ്യപേപ്പറുകളിലും തെറ്റുകൾ നിറഞ്ഞിരിക്കുന്നു. പ്ലസ് ടു ഫിസിക്സ്, പത്താം തരത്തിലെ ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ പല ചോദ്യങ്ങളും പകർത്തിയെഴുതിയതാണ്.
ഇതിനു പുറമേ ചോദ്യപേപ്പറുകളിൽ വന്ന ഭൂരിഭാഗം ചോദ്യങ്ങളും പല ട്യൂഷൻ സെൻററുകളുടെയും ഓൺലൈൻ ചാനലുകളിൽ പരീക്ഷാത്തലേന്ന് ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങൾ എന്ന പേരിൽ ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെ ചർച്ച ചെയ്യുന്ന വീഡിയോ നിരവധി കുട്ടികൾ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞവർഷത്തെ ക്രിസ്തുമസ് പരീക്ഷയ്ക്കും ഇക്കഴിഞ്ഞ ഒന്നാം പാദവാർഷിക പരീക്ഷക്കും ഇത്തരത്തിലുള്ള ചോദ്യപേപ്പർ വിവാദങ്ങൾ ഉയർന്നിരുന്നു. പൊതു വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികൾക്കു പിന്നിൽ ഉന്നതങ്ങളിൽ സ്വാധീനമുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷൻ ലോബികളുമാണ്.
ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെങ്കിലും നടപടിക്രമങ്ങൾ കടലാസിലൊതുങ്ങി. അക്കാദമിക രംഗത്തുണ്ടാക്കുന്ന നിരന്തര വിവാദങ്ങളും ചോദ്യപേപ്പർ അട്ടിമറികളും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൻറ്റ കെടുകാര്യസ്ഥതയെയാണ് തുറന്നു കാട്ടുന്നത്.ഇതിൽ സുതാര്യവും നീതിയുക്തവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണം.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പറിനൊപ്പം നല്കിയ വികലമായ ഭാരതമാപ്പ് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ നേരിടേണ്ടി വരുമെന്നും ബിജു പറഞ്ഞു.