തിരുവനന്തപുരം: നിലവിൽ ക്രമസമാധാന മേൽനോട്ടം വഹിക്കുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) മനോജ് എബ്രഹാമിന് മേയ് ഒന്നിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം . ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ ഏപ്രിൽ 27ന് വിരമിച്ചതിനെ തുടർന്നാണ് ഈ സ്ഥാനക്കയറ്റം. മനോജ് എബ്രഹാമിൻ്റെ സർവീസ് കാലാവധി ജൂൺ 21 വരെ നീളും.
കേരള സർക്കാർ ഷോർട്ട്ലിസ്റ്റ് ചെയ്ത ആറ് മുതിർന്ന ഐപിഎസ് ഓഫീസർമാരിൽ ഒരാളാണ് അദ്ദേഹം. അടുത്ത സംസ്ഥാന പോലീസ് മേധാവിയിലേക്ക് സാധ്യതയുള്ളയുള്ളവരുടെ പട്ടിക കേന്ദ്ര സർക്കാരിന് അയച്ചു കഴിഞ്ഞു. നിലവിലെ ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കുന്നതോടെ എഡിജിപി എംആർ അജിത് കുമാർ ഡിജിപി റാങ്കിലേക്ക് ഉയർത്തപ്പെടുമെന്നാണ് സൂചന.
എന്നാൽ നിലവിൽ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ (എസ്പിജി) ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിത് കേരള കേഡറിലേക്ക് മടങ്ങിയെത്തിയാൽ അജിത് കുമാറിന്റെ ഡിജിപി പദവിയ്ക്ക് വിഘാതമാകും.ഡിജിപിയായി നിയമിതനായാൽ മടങ്ങിവരാൻ പുരോഹിത് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് .
മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം ലഭിക്കുന്നതോടെ നിലവിലെ ക്രമസമാധാന ചുമതലകളിൽ നിന്ന് അദ്ദേഹം ഒഴിവാകും. ക്രമസമാധാന ചുമതല എസ്. ശ്രീജിത്ത്, എച്ച്. വെങ്കിടേഷ്, ബൽറാംകുമാർ ഉപാധ്യായ, അല്ലെങ്കിൽ പി. വിജയൻ തുടങ്ങിയ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി)മാരിൽ ആർക്കെങ്കിലും നൽകാനാണ് സാധ്യത.

