മുംബൈ: നവി മുംബൈയിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം . പത്ത് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറ് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു. മുംബൈയിലെ വാഷിയിലെ എംജിഎം കോംപ്ലക്സിലെ രഹേജ റെസിഡൻസിയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് അപകടം.
പുലർച്ചെ 12.40 ഓടെ കെട്ടിടത്തിന്റെ പത്താം നിലയിൽ ഉണ്ടായ തീപിടുത്തം 11, 12 നിലകളിലേക്ക് പടർന്നു. തിരുവനന്തപുരം സ്വദേശികളായ മലയാളികളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) , മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ (6), എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ കമല ഹീരാലാൽ ജെയിൻ (84) എന്ന മുംബൈ സ്വദേശിയും ഉൾപ്പെടുന്നു . ഇവരെല്ലാം രഹേജ റെസിഡൻസിയിലെ താമസക്കാരാണ്.
അപകടത്തിൽ പരിക്കേറ്റവർ ഫോർട്ടിസ് ഹിരാനന്ദാനി, എംജിഎം ആശുപത്രികളിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിനിടെയാണ് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് . 15 ഓളം പേരെ രക്ഷപ്പെടുത്തിയതായി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ചീഫ് ഫയർ ഓഫീസർ പുരുഷോത്തം ജാദവ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. വാഷി, നെരുൾ, കോപ്പർ ഖൈറാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി, ഏറെ പരിശ്രമത്തിനുശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. വാഷി ഫയർ ഡിപ്പാർട്ട്മെന്റും നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

