കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയെ പരിഹസിച്ച പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയ്ക്ക് വൻ സ്വീകരണം നൽകിയ ദുബായിലെ മലയാളി സംഘടനയ്ക്കെതിരെ വിമർശനം ഉയരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംഭവത്തെ അപലപിച്ചു. അഫ്രീദി നേരത്തെ ഇന്ത്യയ്ക്കെതിരെയും, സൈന്യത്തിനെതിരെയും പരിഹാസ്യമായ പരാമർശങ്ങൾ ഉന്നയിക്കുകയും 26 നിരപരാധികളായ ഇന്ത്യക്കാരുടെ ജീവൻ അപലപിച്ച ക്രൂരമായ പഹൽഗാം ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തിരുന്നു.
പഹൽഗാം ആക്രമണം ഇന്ത്യയുടെ തന്നെ നീക്കമാണെന്നും, എല്ലാ കുറ്റവും പാകിസ്ഥാനിൽ ചുമത്തുകയും ചെയ്യുന്നുവെന്നാണ് പഹൽഗാം ആക്രമണത്തിന് ശേഷമുള്ള അഫ്രീദിയുടെ പരാമർശം . അതിനു ശേഷം അഫ്രീദിയുടെ യൂട്യൂബ് ചാനലും ഇന്ത്യയിൽ നിരോധിച്ചിരുന്നു. എന്നിട്ടും മലയാളി അസോസിയേഷൻ നടത്തിയ സ്വീകരണം വഞ്ചനാപരവും ലജ്ജാകരവുമാണെന്നാണ് വിമർശനം .
“പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച ഇന്ത്യക്കാരെയും പാകിസ്ഥാനെതിരെ അഭിമാനകരമായ വിജയം നേടാൻ വീരോചിതമായി മരിച്ച സൈനികരെയും അവർ അപമാനിച്ചു. ഈ മലയാളികൾ ലജ്ജയോടെ തലകുനിക്കണം.” കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതി. .
മെയ് 25 ന് കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷൻ (CUBAA) ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓർമചുവടുകൾ 2025 എന്ന പരിപാടിയിലാണ് അഫ്രീദി എത്തിയത്.ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിലും കരഘോഷങ്ങൾക്കിടയിലും ഷാഹിദ് അഫ്രീദി വേദിയിലേക്ക് കയറുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

