കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടുത്തം. എസി പ്ലാന്റ് റൂമിലാണ് തീപിടുത്തം. രോഗികൾ ഇല്ലാത്ത സ്ഥലത്തേക്ക് തീ പടർന്നു. കെട്ടിടത്തിൽ നിന്ന് കനത്ത പുക ഉയരുന്നുണ്ട്. അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു.
പുതിയ ബ്ലോക്കിന്റെ ഒമ്പതാം നിലയിലെ എസി പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. അതിനു താഴെയുള്ള നിലകളിൽ രോഗികളുണ്ടായിരുന്നു. അവിടെ നിന്ന് രോഗികളെ മാറ്റി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ മാറ്റാൻ നടപടികൾ സ്വീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പുക താഴത്തെ നിലകളിലേക്ക് എത്തിയത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചു. തീ ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും,വേഗത്തിൽ നിയന്ത്രണവിധേയമാക്കി. തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല.

