പാലക്കാട്: മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപിയിൽ ചേർന്നത്. കോൺഗ്രസുമായി നിരവധി മോശം അനുഭവങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്നും പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ടി വന്നതായും ജയലക്ഷ്മി പറഞ്ഞു.
‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തതിന് കോൺഗ്രസ് നേതാക്കൾ എന്റെ കുടുംബത്തെയും എന്നെയും ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. എനിക്കൊപ്പം നിരവധി പേർ ബിജെപിയിൽ ചേരും’ ജയലക്ഷ്മി വ്യക്തമാക്കി.
മകളുടെ വിവാഹ ഫോട്ടോ പങ്കുവെച്ചതിന് ജയലക്ഷ്മിയെയും കുടുംബത്തെയും അപമാനിച്ച കോൺഗ്രസിനെ സുരേഷ് ഗോപി വിമർശിച്ചു. ‘വിഎസിന്റെയും കരുണാകരന്റെയും കാലത്തും രാഷ്ട്രീയ ശത്രുത നിലനിന്നിരുന്നു. എന്നാൽ രാഷ്ട്രീയത്തിന്റെ പേരിൽ ആരുടെയും കുടുംബത്തെ അപമാനിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ഇപ്പോൾ അങ്ങനെയല്ല. ജയലക്ഷ്മിയും കുടുംബവും നേരിട്ടത് പ്രതികാര രാഷ്ട്രീയമാണ്. പാലക്കാട്ടെ ജനങ്ങൾ അവർക്ക് അവരുടെ സ്ഥാനം കാണിച്ചുകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ – സുരേഷ് ഗോപി പറഞ്ഞു.

