കൊച്ചി : ഭർത്താവിന്റെ ആത്മഹത്യയും , ഒറ്റപ്പെടലുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമാക്കി വടുതലയിൽ കൂട്ട ആത്മഹത്യ നടന്ന വീട്ടിൽ നിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് എറണാകുളം വടുതലയിലെ വീട്ടിൽ തിരുവനന്തപുരം വിളപ്പിൽശാല സ്വദേശികളായ അശ്വതി എസ് നായർ (37), അമ്മ വൈ. ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (4), അക്ഷിത (2) എന്നിവരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അശ്വതിയുടെ ഭർത്താവ് അക്ഷത്തിന്റെ ആത്മഹത്യയെത്തുടർന്ന് ഒറ്റപ്പെട്ടതും അയൽക്കാരുടെ പഴിചാരലുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നു. സമീപത്ത് താമസിക്കുന്ന വീട്ടുടമസ്ഥന്റെ സഹോദരൻ അബ്ദുൾ സലാമും മകനുമാണ് മൃതദേഹങ്ങൾ ആദ്യം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഡോർബെൽ അടിച്ചപ്പോൾ ആരും വാതിൽ തുറന്നിരുന്നില്ല . തുടർന്ന് അബ്ദുൾ സലാമിന്റെ മകൻ സൽമാൻ എത്തി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് അശ്വതിയെ ഹാളിന് സമീപമുള്ള ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
സമീപത്ത് നിന്ന് കൗൺസിലറെയും ഒപ്പം വിളിച്ച് അകത്തേയ്ക്ക് കയറിയപ്പോഴാണ് ശ്രീകുമാരിയെയും അൽപ്പം അകലെ മരിച്ച നിലയിൽ കണ്ടെത്തി. കീർത്തിവനെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാർണിവനും അക്ഷിതയും മറ്റൊരു മുറിയിലാണ് മരിച്ച് കിടന്നത്.
എസി അപ്പോഴും പ്രവർത്തിച്ചിരുന്ന മുറിയിൽ, പുതിയ വസ്ത്രങ്ങൾ ധരിച്ച് കൂളിംഗ് ഗ്ലാസ് ധരിച്ച നിലയിലാണ് ഇളയ കുട്ടികളെ കണ്ടെത്തിയത് . കാർണിവനെ ഷെർവാണി ശൈലിയിലുള്ള വസ്ത്രം ധരിച്ച നിലയിലാണ് കണ്ടെത്തിയത് .
ഹാളിൽ ആത്മഹത്യാക്കുറിപ്പുകളും ജ്യൂസ് കുപ്പികളും കണ്ടെത്തി. പോലീസും ഫോറൻസിക് സംഘവും നടത്തിയ പ്രാഥമിക പരിശോധനയിൽ ജ്യൂസിൽ വിഷാംശം കലർന്നതായി സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് സൂചന. എല്ലാ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാലും, എസി ഓണായിരുന്നതുകൊണ്ടും ദുർഗന്ധം പുറത്തേക്ക് പോയില്ല. മൃതദേഹങ്ങൾ ഇതിനകം തന്നെ അഴുകിയ അവസ്ഥയിലായിരുന്നുവെന്ന് പച്ചാളം ഡിവിഷൻ കൗൺസിലർ ആൽബർട്ട് പറഞ്ഞു.
കീർത്തിവന്റെ ചികിത്സയ്ക്കായി കഴിഞ്ഞ ഫെബ്രുവരിയിൽ കൊച്ചിയിലെത്തിയതായിരുന്നു കുടുംബം. ജൂലൈ 13 നാണ് അശ്വതിയുടെ ഭർത്താവ് അക്ഷത് ആത്മഹത്യ ചെയ്തത്.മദ്യപാനത്തെ തുടർന്നുള്ള കരൾരോഗത്തിന് ചികിത്സയിലായിരുന്നു അക്ഷത്. ഭർത്താവിന്റെ കുടുംബം ഇതിന്റെ പേരിൽ അശ്വതിയെ മരണത്തിന് കുറ്റപ്പെടുത്താൻ തുടങ്ങിയതായി ആത്മഹത്യാ കുറിപ്പ് സൂചിപ്പിക്കുന്നു.ഭർത്താവിന്റെ മരണത്തിന് ഏകദേശം ഒരു മാസത്തിനുശേഷം, അശ്വതി ഒരു വിൽപത്രം തയ്യാറാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി.
അശ്വതിയുടെയും ശ്രീകുമാരിയുടെയും ഫോണുകൾ കസ്റ്റഡിയിലെടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.

