കൊല്ലം: ഡോ. വന്ദനദാസ് കൊലക്കേസിലെ പ്രതി സന്ദീപിന് കോടതി ജീവപര്യന്തം തടവ് . കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് . ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2023 മെയ് 10 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന കൊലപാതകത്തിൽ സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സെഷൻസ് ജഡ്ജി പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.പൊലീസ് ചുമത്തിയ ബാക്കി കുറ്റങ്ങളിൽ ആദ്യം 30 വർഷം ശിക്ഷ അനുഭവിക്കണം. അതിനുശേഷം ആയിരിക്കും കൊലപാതകത്തിനുള്ള ജീവപര്യന്തം ആരംഭിക്കുക. കേസിൽ പ്രോസിക്യൂഷൻ അപ്പീൽ പോകും.
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. മനപൂർവ്വം ചെയ്ത കൊലപാതകമല്ലെന്നും, കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതിഭാഗവും വാദിച്ചു. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തി.
സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി മെഡിക്കൽ ബോർഡ് നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഭിഭാഷകൻ പ്രതാപ് ജി പടിക്കൽ ഹാജരായി. സ്പെഷ്യൽ പ്രോസിക്യൂഷൻ 70 സാക്ഷികളെയും 27 രേഖകളെയും 23 തെളിവുകളെയും കോടതിയിൽ ഹാജരാക്കി.സംസ്ഥാനത്ത് ഒരു ആശുപത്രിയിൽ ഡോക്ടർ കൊല്ലപ്പെടുന്നത് ആദ്യമാണ്. നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന കുടവട്ടൂർ സ്വദേശി സന്ദീപ്, മദ്യലഹരിയിൽ സർജിക്കൽ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു . 2023 മെയ് 10 ന് പുലർച്ചെ 4.35 ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് സംഭവം
നെഞ്ചിലും തലയിലും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണം. കോട്ടയം കടുത്തുരുത്തിക്കടുത്തുള്ള മുട്ടുചിറയിലെ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. കൊല്ലത്തെ അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ വന്ദന താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു.
കൊലപാതകം നടന്ന അന്ന് രാവിലെ, സന്ദീപ് പോലീസ് കൺട്രോൾ റൂമിലേക്ക് സഹായം അഭ്യർത്ഥിച്ചു. കാലിന് പരിക്കേറ്റ നിലയിൽ അയൽവാസിയുടെ പറമ്പിൽ അദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ സന്ദീപ് തുടക്കത്തിൽ ഡോക്ടർമാരുമായി സഹകരിച്ചു. മുറിവ് ഡ്രസ് ചെയ്യാനായി ഡോ. വന്ദന അദ്ദേഹത്തോടൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് പോയി. എന്നാൽ സന്ദീപ് കാഷ്വാലിറ്റി വിഭാഗത്തിൽ വച്ച് അക്രമാസക്തനായി, ചുറ്റുമുള്ളവരെ ആക്രമിച്ചു. തുടർന്ന് സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ 27 തവണ കുത്തി.നെഞ്ചിലും തലയിലും മാരകമായ മുറിവുകൾ ഏറ്റു
ഭാര്യയും സന്ദീപിനെതിരെ കേസിൽ മൊഴി നൽകിയിരുന്നു. മദ്യപിച്ച ശേഷം സന്ദീപ് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിരുന്നു. താൻ മാനസിക രോഗിയാണെന്നായിരുന്നു സന്ദീപിന്റെ പ്രധാന വാദം. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം മാനസികാരോഗ്യ വിദഗ്ധ സംഘം പ്രതിയെ പരിശോധിച്ചപ്പോൾ ഈ വാദം പൊളിഞ്ഞു. സന്ദീപിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

