കാർഷികമേഖലയാണ് തിരുവനന്തപുരത്തെ നെടുമങ്ങാട് നിയമസഭാമണ്ഡലം. വിതയ്ക്കാൻ തുടങ്ങും മുൻപ് കളമൊരുക്കുന്ന കർഷകന്റെ മാനസികാവസ്ഥയിലാണ് ഓരോ പാർട്ടിയും. നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ കൂടാതെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം.
അടിസ്ഥാനപരമായി ഇടതിനൊപ്പമാണ് നെടുമങ്ങാടിന്റ് മനസ് . 1957ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായ എൻ.എൻ. പണ്ടാരത്തിലാണ് വിജയിച്ചത്. പിഎസ്പി സ്ഥാനാർഥി സോമശേഖരൻ നായരെയാണ് പരാജയപ്പെടുത്തിയത്. 1960ലെ തിരഞ്ഞെടുപ്പിലും പണ്ടാരത്തിൽ വിജയിച്ചു. 1965ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വരദരാജൻ നായർ പണ്ടാരത്തിലിനെ തോൽപിച്ചു. 1967ൽ സിപിഐയിലെ കുഞ്ഞുകൃഷ്ണപിള്ള വിജയിച്ചു. 1970ലും കുഞ്ഞുകൃഷ്ണപിള്ള ജയം ആവർത്തിച്ചു.
1977ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രൻ വിജയിച്ചു. 1980ൽ സിപിഐ നേതാവ് കെ.വി സുരേന്ദ്രനാഥാണ് വിജയിച്ചത്. 1982ലെ തിരഞ്ഞെടുപ്പിലും കെ.വി. സുരേന്ദ്രനാഥ് 3341 വോട്ടുകൾക്കു വിജയിച്ചു. കോൺഗ്രസിലെ വരദരാജൻ നായരായിരുന്നു എതിരാളി. 1987ലെ തിരഞ്ഞെടുപ്പിൽ കെ.വി. സുരേന്ദ്രനാഥ് കോൺഗ്രസിലെ പാലാട് രവിയെ 5543 വോട്ടുകൾക്കു പരാജയപ്പെടുത്തി.
1991ൽ പാലോട് രവി സിപിഐയിലെ ഗോവിന്ദപിള്ളയെ 939 വോട്ടിനു പരാജയപ്പെടുത്തി. 1996ൽ പാലോട് രവി സിപിഐയിലെ മാങ്കോട് രാധാകൃഷ്ണനെ 4264 വോട്ടിനു തോൽപിച്ചു. 2001ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ 156 വോട്ടിനു അട്ടിമറിച്ചു. 2006ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ തോൽപിച്ചത് 85 വോട്ടുകൾക്ക്. 2011ൽ പാലോട് രവി 5030 വോട്ടുകൾക്ക് പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തി.
2016ൽ കോണ്‍ഗ്രസിന്റെ പാലോട് രവിയും സിപിഐയുടെ ദിവാകരനും കട്ടയ്ക്ക് പോരടിച്ച മണ്ഡലമാണ്. അന്ന് വെറും 2500 വോട്ടുകളുടെ ഭൂരിപക്ഷമേ ദിവാകരന് നേടാന്‍ കഴിഞ്ഞുള്ളൂ. 2016ല്‍ ഇപ്പോഴത്തെ തിരുവനന്തപുരം മേയറായ വി.വി. രാജേഷ് 35,139 വോട്ടുകള്‍ പിടിച്ച മണ്ഡലമാണിത്. 2021ല്‍ എൽ ഡി എഫിന്റെ ജി ആർ അനിലാണ് ഇവിടെ വിജയിച്ചത് . എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അഡ്വ. ജെ.ആര്. പത്മകുമാറിന് 26,861 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. നെടുമങ്ങാടിൽ 1970ന് ശേഷം യുഡിഎഫിനായി അട്ടിമറിജയം നേടിയിട്ടുള്ളത് കോൺഗ്രസിന്റെ പാലോട് രവി മാത്രമാണ്.
ഇത്തവണയും ജിആര്‍ അനില്‍ തന്നെയാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി. യുഡിഎഫിനായി മീനങ്കല്‍ കുമാറും , എൻ ഡി എയ്ക്കായി യുവരാജ് ഗോകുലും പോരാട്ടത്തിലാണ്. ഭരണ മികവും ക്ഷേമ പദ്ധതികളും നഗരവൽക്കരണ സമ്മർദ്ദങ്ങളും വോട്ടുനിർണയിക്കുന്ന മണ്ഡലമാണിത് . കാർഷികമേഖലയിൽ ആണെങ്കിലും അടിസ്ഥാനസൗകര്യവികസങ്ങളാണ് ഇവിടെ നാട് ആവശ്യപ്പെടുന്നത് . അതിന് കൂട്ടുനിൽക്കുന്നവർക്ക് മാത്രമേ വോട്ട് ഉള്ളൂവെന്ന് തുറന്ന് പറയുകയും ചെയ്യുന്നു യുവജനത.

