തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് റെക്കോർഡ് പ്രതിദിന വരുമാനം . ഇന്നലെ മാത്രം കെഎസ്ആർടിസി 10 കോടിയിലധികം രൂപ നേടിയതായി കണക്കുകൾ വ്യക്തമാക്കുന്നു
.ഓണം അവധിക്ക് ശേഷമുള്ള ആദ്യ ദിവസമായിരുന്നു ഇന്നലെ. മുമ്പ് ശബരിമലയിൽ നിന്ന് 9 കോടി രൂപ സമ്പാദിച്ചിരുന്നു. എങ്കിലും, വരുമാനം 10 കോടി രൂപ കടക്കുന്നത് ഇതാദ്യമാണ്. ഇത് ഒരു ദിവസത്തെ ഫലമല്ല, മറിച്ച് നിരവധി ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ പറയുന്നു.
മുമ്പ് ഏകദേശം 1000 ബസുകൾ തകരാറിലായ ശേഷം ഷെഡുകളിൽ ഇട്ടിരുന്നു . ബസുകൾ തകരാറിലായാൽ, അത് പരിഹരിക്കാൻ ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ എടുക്കും, പക്ഷേ ഇന്ന് അങ്ങനെയല്ല. ഇപ്പോൾ, കുടുങ്ങിക്കിടക്കുന്ന ബസുകളുടെ എണ്ണം നാനൂറിൽ താഴെയാണ്. കൂടുതൽ ബസുകൾ ഓടിക്കുക, കൂടുതൽ സർവീസുകൾ ആരംഭിക്കുക, ഡിപ്പോകൾക്ക് ലക്ഷ്യങ്ങൾ നൽകുക തുടങ്ങിയ നിരവധി കാരണങ്ങളാലാണ് കെ.എസ്.ആർ.ടി.സിയുടെ വരുമാനം വർദ്ധിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നിരവധി മാറ്റങ്ങളാണ് ഇപ്പോൾ കെ എസ് ആർ ടിസിയിൽ കൊണ്ടുവരുന്നത് . ആരാധനാലയങ്ങൾ കോർത്തിണക്കി സർവീസ് നടത്താൻ പദ്ധതിയുണ്ടെന്ന് അടുത്തിടെ ഗണേശ്കുമാർ പ്രഖ്യാപിച്ചിരുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് പകരം സ്റ്റീൽ (പ്രീഫാബ് സ്റ്റീൽ ഘടന) ഉപയോഗിച്ചുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കുറഞ്ഞ ചെലവിലും വേഗത്തിലും നിർമ്മിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. തിരുവനന്തപുരത്തേത് ഉൾപ്പെടെ പത്ത് ബസ് സ്റ്റാൻഡുകൾ നിർമ്മിക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ചായിരിക്കും നിർമ്മാണം. ചങ്ങനാശേരിയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സ്റ്റാൻഡിന്റെ നിർമ്മാണം ആരംഭിച്ചു

