കോഴിക്കോട് : മുക്കത്ത് സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായം തടയാൻ വ്യാജ പ്രചാരണം. 50 കോടി ലഭിച്ചെന്നും, ഇനി പണം അയക്കരുതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ചികിത്സയ്ക്കായി ഇനിയും 33 കോടിയിലേറെ കണ്ടെത്താനുള്ളപ്പോഴാണിത് . 20 ദിവസം കൊണ്ട് ലഭിച്ചത് 16.30 കോടി മാത്രമാണ്. കുടുംബത്തിന്റെ മുന്നിൽ ഇനിയുള്ളത് ആകെ 30 ദിവസമാണ്.
വ്യാജപ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി. അരുൺ-ഷാൽമി ദമ്പതികൾക്ക് ഒറ്റപ്രസവത്തിലൂടെ ജനിച്ച കുരുന്നുകളാണ് ഒന്നര വയസുകാരായ ഡേവിഡ്, ഏഥൻ, ഒലിവർ എന്നിവർ. മൂന്ന് പേരുടെയും ചികിത്സയ്ക്കായി ആകെ 50 കോടി രൂപയാണ് വേണ്ടത്.
സ്വകാര്യ സ്ഥാപനത്തിലെ ചെറിയ ജോലി കൊണ്ട് കുടുംബം പുലർത്തുന്ന അരുണിന് ഈ ഭീമമായ തുക കണ്ടെത്താൻ പ്രയാസമായതിനാലാണ് സഹായം തേടിയത് . നിലവിൽ വലിയ തുക ചിലവാക്കിയുള്ള മരുന്നുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. ഇതിനിടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങളും നടക്കുന്നത്.

