കൽപറ്റ : മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളിൽ കൈ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു.. KL 52 H 8733 നമ്പരിലുള്ള സെലേറിയോ കാറിൽ സഞ്ചരിച്ച നാല് പേർക്കെതിരെയാണ് കേസെടുത്തത് . പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച്ച വൈകിട്ടായിരുന്നു കൂടൽക്കടവിൽ ചെക്ക് ഡാം കാണാൻ വന്ന വിനോദ സഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം അക്രമിച്ചത് .ഇദ്ദേഹത്തിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി റോഡിലൂടെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴക്കുകയായിരുന്നു. കൈകാലുകൾക്കും,നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമി സംഘം സഞ്ചരിച്ച കാർ പ്രദേശത്തെ ഒരു കടയുടെ മുന്നിൽ നിർത്തുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത് . പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരെ കല്ലെടുത്ത് അക്രമിക്കാനും ഇവർ ശ്രമിച്ചു.ഇത് തടയാൻ ശ്രമിച്ചതോടെ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.
അക്രമി സംഘം സഞ്ചരിച്ച കാർ കുറ്റിപ്പാറം സ്വദേശിയായ പുല്ലുപാടം വീട്ടിൽ മുഹമ്മദ് റിയാസിന്റേതാണെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഊർജിതമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.