തിരുവനന്തപുരം: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ഹരിയാന വ്ലോഗർ ജ്യോതി മൽഹോത്ര സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയതിന്റെ തെളിവുകൾ പുറത്ത് . ടൂറിസം വകുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതായി തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തുവന്നത് . സോഷ്യൽ മീഡിയ സ്വാധീനമുള്ളവരെ ഉപയോഗിച്ച് ടൂറിസം വകുപ്പ് പ്രമോട്ട് ചെയ്തവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉൾപ്പെടുന്നു.
ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിൽ കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ യാത്ര ചെയ്തു. 2024 ജനുവരി മുതൽ 2025 മെയ് വരെ ടൂറിസം വകുപ്പിനായി പ്രമോട്ട് ചെയ്ത വ്ലോഗർമാരുടെ പട്ടികയിലാണ് ജ്യോതിയുടെ പേരും ഉൾപ്പെടുന്നത് . 33 കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായും അവർക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരുമായും അവർക്ക് ബന്ധമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യ ഈ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു . ജ്യോതിയുടെ യൂട്യൂബ് ചാനൽ ‘ട്രാവൽ വിത്ത് ജോ’ യിലെ മിക്ക വീഡിയോകളും പാകിസ്ഥാനിൽ നിന്നുള്ളതാണ്. ‘ട്രാവൽ വിത്ത് ജോ’ എന്ന ചാനലിൽ ആകെ 487 വീഡിയോകളുണ്ട്. പാകിസ്ഥാൻ, തായ്ലൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വീഡിയോകളാണ് കൂടുതലും. കേരള സാരി ധരിച്ച് കണ്ണൂരിൽ തെയ്യം സന്ദർശിക്കുന്ന ജ്യോതിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.

