പന്ത്രണ്ട് മലയാള മാസങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന മാസമാണ് കർക്കടകം. മറ്റ് മാസങ്ങളിൽ നിന്നും വ്യത്യസ്തമായി കർക്കടമാസത്തിൽ നമ്മുടെ ചിട്ടകളിൽ മാറ്റം വരാറുണ്ട്. മലയാളമാസങ്ങളിൽ ഏറ്റവും അവസാനത്തേതാണ് കർക്കടകം. രാമായണ മാസമെന്നും പഞ്ഞമാസമെന്നും കർക്കടകം അറിയപ്പെടുന്നു.
മനുഷ്യർക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ മാസം ആയതുകൊണ്ടാണ് കർക്കടകത്തെ പഞ്ഞമാസമെന്ന് വിളിക്കുന്നത്. കർക്കടകത്തിൽ പെയ്യുന്ന അതിശക്തമായ മഴ ജനജീവിതം ദുസ്സഹമാക്കാറുണ്ട്. വരുമാനം പൂർണമായി നിലയ്ക്കുന്ന മാസമാണ് കർക്കടകം. പ്രതികൂല കാലാവസ്ഥ ആയതിനാൽ കർഷകർക്കും കർക്കടകം ദുരിതമേകാറുണ്ട്.
അതേസമയം പുണ്യമാസമായി കൂടി കർക്കടകം അറിയപ്പെടുന്നു. ഹൈന്ദവരെ സംബന്ധിച്ച് വീടുകളിൽ രാമായണ പാരായണം നടത്തുന്നതിനുള്ള രാമായണ മാസം കൂടിയാണ് ഇത്. ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതും ഈ മാസത്തിലാണ്.
മലയാള മാസങ്ങൾ പന്ത്രണ്ട് ഉണ്ടെങ്കിലും കർക്കടകത്തെ പറ്റിയുള്ള നിരവധി പഴഞ്ചൊല്ലുകളാണ് പ്രചാരത്തിലുള്ളത്. കർക്കടകം പഞ്ഞമാസമായതുകൊണ്ട് തന്നെ അതിനെ കുറിയ്ക്കുന്നവയാണ് ഇതിൽ കൂടുതലും. കേരളത്തിൽ പ്രചാരമുള്ള പ്രധാനപ്പെട്ട പഴഞ്ചൊല്ലുകൾ നോക്കാം.
1. കർക്കടകം തീർന്നാൽ ദുർഘടം തീർന്നു: പട്ടിണിയെയും അത് തീർന്നാൽ ഉണ്ടാകാൻ പോകുന്ന നല്ലകാലത്തെയുമാണ് ഈ പഴഞ്ചൊല്ല് പ്രതിനിധീകരിക്കുന്നത്. കർക്കടകം പഞ്ഞമാസമാണെന്ന പൊരുൾ ഉൾക്കൊണ്ടുകൊണ്ടുള്ളതാണ് ഈ പഴഞ്ചൊല്ല്.
2. കർക്കിടകം ഒന്നാംതീയതി കുന്നിയോളം തിന്നാൽ പന്നിപോലെ വളരും: ഈ പഴഞ്ചൊല്ല് വരാനിരിക്കുന്ന പഞ്ഞകാലത്തെ ഓർമ്മിപ്പിക്കുന്നതാണ്. കർക്കടകത്തിന്റെ ആദ്യ ദിവസങ്ങളിൽ കുറച്ചു കഴിച്ചാൽ മാസം മുഴുവൻ പട്ടിയില്ലാതെ തുടരാം എന്ന് വ്യക്തമാക്കുന്ന നാടൻ ചൊല്ലാണ് ഇത്.
3. കർക്കിടകം ഞാറ്റിൽ പട്ടിണികിടന്നത് പുത്തരിയുണ്ടാൽ മറക്കരുത്: കർക്കടകം കഴിഞ്ഞാൽ ചിങ്ങമാസമാണ്. സമൃദ്ധിയുടെ മാസമായാണ് ചിങ്ങം അറിയപ്പെടുന്നത്. പുതുവത്സരം കൂടിയാണ്. ചിങ്ങമാസത്തിലെ സമൃദ്ധിയിൽ ഒരിക്കലും കർക്കടകത്തിലെ കഷ്ടപ്പാടുകൾ മറക്കരുത് എന്നാണ് ഈ പഴഞ്ചൊല്ലിന്റെ പൊരുൾ.
4. കർക്കിടകത്തിൽ വാവുകഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മകളെ കെട്ടാനും ആരോടും ചോദിക്കണ്ട: കർക്കടകത്തിൽ ചില കാര്യങ്ങളിൽ അനുവാദം ചോദിക്കേണ്ടതില്ലെന്നാണ് ഇത് അർത്ഥമാക്കുന്നത്.

