തിരുവനന്തപുരം : ബജറ്റ് എയർലൈൻ കമ്പനിയായ ഇൻഡിഗോ കേരളത്തിൽ
നിന്ന് പുതിയ ആഭ്യന്തര വിമാന സർവീസുകൾ പ്രഖ്യാപിച്ചു . തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ പട്ടേൽ വിമാനത്താവളത്തിലേക്ക് നാല് ദിവസമാണ് സർവീസ് നടത്തുക.
ഡിസംബർ 13 മുതലാണ് അഹമ്മദാബാദ് റൂട്ടിലേക്കും തിരിച്ചും സർവീസ് ആരംഭിക്കുക എന്നും തിങ്കൾ, ബുധൻ, വെള്ളി, ഞായർ എന്നീ ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുകയെന്നും കമ്പനി അറിയിച്ചു. വിമാനം 4 : 25 ന് അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട് രാത്രി 7: 05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുകയും, 7: 35 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി 9 : 55 ന് അഹമ്മദാബാദിൽ തിരികെയെത്തുകയും ചെയ്യും.
തിരുവനന്തപുരത്തുനിന്ന് അഹമ്മദാബാദിലേക്ക് ടാക്സ് അടക്കം 7,970 രൂപയും തിരുവനന്തപുരത്ത് തിരികെയെത്താൻ 12, 910 രൂപയും ടാക്സും എന്നിങ്ങനെയാണ് ഇൻഡിഗോയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ടിക്കറ്റ് നിരക്കുകൾ.
തിരുവനന്തപുരത്തുനിന്ന് അഹമ്മദാബാദിലേക്ക് നേരിട്ടുള്ള സർവീസ് ആദ്യമായിട്ടാണ് ഇൻഡിഗോ ഓപ്പറേറ്റ് ചെയ്യുന്നത്. ബംഗളൂരു, മുംബൈ എന്നിവിടങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റ് ആണ് നേരത്തെ നടത്തിയിരുന്നത്.