കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ മരിച്ച ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം ഈ മാസം 17 ന് . കടുത്തുരുത്തിയിലെ മധുരവേലിയിൽ മാതാപിതാക്കൾ നിർമ്മിച്ച ആശുപത്രി മന്ത്രി വി.എൻ. വാസവൻ രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. അഡ്വ. മോൻസ് ജോസഫ് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മധുരവേലിയിലെ പ്ലാമൂട് ജംഗ്ഷനു സമീപമുള്ള ലക്ഷ്മി കോംപ്ലക്സിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം വരെ ക്ലിനിക് പ്രവർത്തിക്കും. വന്ദനയുടെ പേരിൽ തുറക്കുന്ന രണ്ടാമത്തെ ആശുപത്രിയാണിത്. ആലപ്പുഴയിലെ തൃക്കുന്നപ്പുഴയിൽ നേരത്തെ വന്ദനയുടെ പേരിൽ ഒരു ആശുപത്രി ആരംഭിച്ചിരുന്നു.
2023 മെയ് 10 ന് പുലർച്ചെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവന്ന സന്ദീപ് ആണ് ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയത് . കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുമ്പോഴായിരുന്നു സംഭവം. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലൈയിൽ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. വീടിനടുത്ത് മറ്റൊരു ക്ലിനിക്ക് പണിയാനും മാതാപിതാക്കൾ പദ്ധതിയിടുന്നുണ്ട്. ഇതിനായി ട്രസ്റ്റ് രൂപീകരിക്കും. പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച ചികിത്സ നൽകുക എന്നതായിരുന്നു വന്ദനയുടെ ആഗ്രഹമെന്ന് മാതാപിതാക്കൾ പറഞ്ഞു.

