തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയിൽ 7 പേർ മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവർ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണുണ്ടായ അപകടത്തിൽ മരിച്ചു. തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും.
കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരാൾ മരിച്ചു. ഇടുക്കിയിൽ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഒരാൾ കൂടി മരിച്ചു. പാലക്കാട് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് വില്ല്യാപ്പള്ളിയിലാണ് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന് എന്നയാൾ മരിച്ചത്. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.
ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ രാത്രി വലിയ വെള്ളക്കെട്ട് ഉണ്ടായി. പാലക്കാട് ജില്ലയിൽ മീൻപിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ് ശങ്കരൻ ആണ് മരിച്ചത്. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്.
കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിന്റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. അപകടത്തിൽ പാലക്കപ്പറമ്പിൽ സന്തോഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലായിരുന്നു അപകടം.
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരക്കൊമ്പ് വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഇതിനെ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർന്ന് റോഡിന് കുറുകെ മരം വീണതിനെ തുടർന്ന് കെഎസ്ആർടി ബസ് മരത്തിനടിയിൽ കുടുങ്ങി.
കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. കനത്ത മഴയിൽ കണ്ണൂർ മാടായിപ്പാറയിലെ കൂറ്റൻ പന്തൽ തകർന്നു. മാടായി പഞ്ചായത്ത് മാടായി ഫെസ്റ്റിനു വേണ്ടി നിർമിച്ച പന്തലാണ് തകർന്നത്. ആലപ്പുഴയിലും പത്തനംതിട്ടയിലും കൊല്ലത്തും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി.
കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.
സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ വയ്ക്കരുതെന്നും മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ ഉള്ളാവയ്ക്ക് അവധി ബാധകമാണെന്നും കളക്ടർമാർ അറിയിച്ചു. കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

